കൊച്ചി: സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് 17.29 ശതമാനം വർധന. അന്ന് 321.95 കോടി രൂപയായിരുന്നു അറ്റാദായം.
മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.15 ശതമാനത്തിൽനിന്ന് 1.38 ശതമാനത്തിലെത്തി.
അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 0.68 ശതമാനത്തിൽനിന്ന് 0.26 ശതമാനമായി. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻവർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ പലിശ വരുമാനവും രേഖപ്പെടുത്തി.
റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽനിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. 14,938 കോടി രൂപയുടെ വർധന. പ്രവാസിനിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻആർഐ നിക്ഷേപം. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിംഗ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായി.
മൊത്ത വായ്പാവിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽനിന്ന് 1,04,368 കോടി രൂപയായി ഉയർന്നു. കോർപറേറ്റ് വിഭാഗത്തിൽ വായ്പാ തുക 37,110 കോടി രൂപയിൽനിന്ന് 41,704 കോടിയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ച. സ്വർണവായ്പ 17,446 കോടി രൂപയിൽനിന്ന് 24,930 കോടിയായി.
42.90 ശതമാനമാണു വളർച്ച. ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽനിന്ന് 14,391 കോടി രൂപയായി വർധിച്ചു. മോർട്ട്ഗേജ് വായ്പ 3,278 കോടിയിൽ നിന്ന് 5,856 കോടിയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധന. വാഹന വായ്പ 2,217 കോടിയിൽനിന്ന് 2,497 കോടി രൂപയായി വർധിച്ചു. ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സ്ഥിരമായ വളർച്ച കൈവരിച്ചെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി അറിയിച്ചു.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എലിന്റെ ഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ സാന്പത്തികഫലങ്ങൾ.